ന്യൂഡൽഹി : അമേരിക്കയിലേക്കുള്ള തപാൽ ചരക്കുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് തപാൽ വകുപ്പ്. 100 യുഎസ് ഡോളർ വരെ വിലയുള്ള കത്തുകൾ, രേഖകൾ, സമ്മാന വസ്തുക്കൾ എന്നിവ ഒഴികെ യുഎസിലേക്കുള്ള എല്ലാത്തരം വസ്തുക്കളുടെയും ബുക്കിംഗ് ഓഗസ്റ്റ് 25 മുതൽ ഇന്ത്യ പോസ്റ്റ്
നിർത്തിവെയ്ക്കും. ഈ മാസം അവസാനം പ്രാബല്യത്തിൽ വരുന്ന യുഎസ് ഡ്യൂട്ടി നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളെത്തുടർന്നാണ് ഈ നടപടി. 100 യുഎസ് ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾ മാത്രമേ ഇനി ഡ്യൂട്ടി ഫ്രീ ആയിരിക്കൂ.
ജൂലൈ 30-ന് 800 യുഎസ് ഡോളർ വരെയുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി-ഫ്രീ ഇളവ് പിൻവലിച്ചുകൊണ്ട് യുഎസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 29 മുതൽ, യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ തപാൽ ഇനങ്ങൾക്കും, അവയുടെ മൂല്യം പരിഗണിക്കാതെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്ട് (ഐഇഇപിഎ) താരിഫ് ചട്ടക്കൂടിന് കീഴിൽ കസ്റ്റംസ് തീരുവ ചുമത്തും
ഉത്തരവ് പ്രകാരം, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും യുഎസ് കസ്റ്റംസ് അംഗീകരിച്ച മറ്റ് ‘യോഗ്യതയുള്ള കക്ഷികൾക്കും’ മാത്രമെ തപാൽ കയറ്റുമതികളിൽ തീരുവ ശേഖരിക്കാനും അടയ്ക്കാനും കഴിയൂ. എന്നാൽ ഈ കക്ഷികളെ അംഗീകരിക്കുന്നതിനും ഡ്യൂട്ടി പിരിവ് സജ്ജീകരിക്കുന്നതിനുമുള്ള പ്രക്രിയ ഇതുവരെ വ്യക്തമല്ലാത്തതിനാൽ, ഓഗസ്റ്റ് 25 ന് ശേഷം യുഎസിലേക്കുള്ള തപാൽ പാഴ്സലുകൾ കൊണ്ടുപോകാൻ കഴിയില്ലെന്ന് എയർലൈനുകൾ അറിയിച്ചിട്ടുണ്ട്.
അയയ്ക്കാൻ കഴിയാത്ത പാഴ്സലുകൾ ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് തപാൽ ചാർജ് റീഫണ്ട് അവകാശപ്പെടാമെന്ന് തപാൽ വകുപ്പ് അറിയിച്ചു. യുഎസ്എയിലേക്കുള്ള മുഴുവൻ സേവനങ്ങളും എത്രയും വേഗം പുനരാരംഭിക്കുന്നതിന് സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു.
പാഴ്സൽ ഡെലിവറി നിർത്തിവയ്ക്കുന്നതിൽ ഇന്ത്യയ്ക്കൊപ്പം സ്കാൻഡിനേവിയ, ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലെ തപാൽ ഗ്രൂപ്പുകളും നിയമം മാറ്റത്തിന് മുന്നോടിയായി യുഎസിലേക്കുള്ള പാഴ്‌സൽ ഡെലിവറി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 25 മുതൽ ജർമ്മൻ പാഴ്‌സൽ സർവ്വീസ് യുഎസിലേക്കുള്ള സ്റ്റാൻഡേർഡ് പാഴ്‌സലുകൾ സ്വീകരിക്കുന്നത് നിർത്തുമെന്ന് ഡച്ച് പോസ്റ്റ് ഡിഎച്ച്എൽ അറിയിച്ചു. എന്നാൽ പ്രീമിയം ഡിഎച്ച്എൽ എക്സ്പ്രസ് സർവ്വീസ് ബാധിക്കപ്പെടില്ല. സ്വകാര്യ ഉപഭോക്താക്കൾക്ക് ഇപ്പോഴും 100 യുഎസ് ഡോളറിൽ താഴെയുള്ള സമ്മാനങ്ങൾ അയയ്ക്കാൻ കഴിയും, എന്നാൽ ദുരുപയോഗം തടയുന്നതിന് ഈ ഷിപ്പ്‌മെന്റുകൾ കർശനമായ പരിശോധനകൾക്ക് വിധേയമായേക്കും