(Photo Courtesy : X)
ന്യൂഡൽഹി : താലിബാൻ നേതാക്കളുമായി ഉന്നതതല ചർച്ചകൾക്കൊരുങ്ങി ഇന്ത്യ. ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് താലിബാൻ രാഷ്ട്രീയ കാര്യാലയ മേധാവിയും ഖത്തറിലെ അഫ്ഗാൻ സ്ഥാനപതിയുമായ സുഹൈൽ ഷാഹീൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ വിലക്ക് മറികടന്നാണ് മുത്തഖിയെ കൊണ്ടുവരാനുള്ള ഇന്ത്യൻ ശ്രമം.
വിദേശകാര്യ മന്ത്രിമാരുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ സഹകരണത്തിനുള്ള വഴികൾ തുറക്കുമെന്നും വ്യാപാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും താലിബാൻ രാഷ്ട്രീയ കാര്യാലയ മേധാവി അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ഐക്യരാഷ്ട്രസഭയിലെ ഇരിപ്പിടം താലിബാൻ നേതൃത്വത്തിലുള്ള ഇസ്ലാമിക് എമിറേറ്റിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകൾക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കാൻ പരാജയപ്പെട്ടതുമാണ് ഐക്യരാഷ്ട്രസഭ സീറ്റ് നൽകാത്തതിന് കാരണം. മനുഷ്യാവകാശങ്ങൾക്ക് വില നൽകുകയും, എല്ലാവരെയും ഉൾക്കൊണ്ട് സർക്കാർ രൂപീകരിക്കുകയും ചെയ്താൽ മാത്രമെ താലിബാനെ അംഗീകരിക്കൂ എന്നതാണ് യുഎൻ നിലപാട്.
അതെസമയം മുത്തഖിയുടെ യാത്രാ വിലക്ക് നീക്കാൻ ഇന്ത്യ ഐക്യരാഷ്ട്രസഭ രക്ഷാ കൗൺസിലിനെ സമീപിക്കും. സന്ദർശന തീയതികൾ തീരുമാനിച്ച ശേഷം ഇന്ത്യ ഔദ്യോഗികമായി അപേക്ഷ നൽകും. ഓഗസ്റ്റിൽ മുത്തഖി നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കിയെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വേറെയും തീയതികൾ ചർച്ച ചെയ്തെങ്കിലും പിന്നീട് നടന്നില്ല. 2021 ഓഗസ്റ്റിൽ താലിബാൻ കാബൂൾ പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് ഒരു അഫ്ഗാൻ നേതാവ് ഇന്ത്യ സന്ദർശിക്കാൻ പോകുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയും താലിബാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞയാഴ്ച അഫ്ഗാനിൽ ഭൂമ്പം നടന്നപ്പോൾ ആദ്യം സഹായം പ്രഖ്യാപിക്കുകയും അയയ്ക്കുകയും ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തെ താലിബാൻ അഭിനന്ദിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾക്ക് തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന താലിബാൻ്റെ ഉറപ്പും നിലവിലുണ്ട്.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വർഷം ദുബൈയിൽ വെച്ച് മുത്തഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കർ രണ്ട് തവണ അദ്ദേഹവുമായി സംസാരിച്ചു. ഈ സന്ദർശനം ഇന്ത്യയുടെ വികസന പങ്കാളിത്തം കൂടുതൽ ശക്തമാക്കും.