(Photo courtesy : X)
ഗാസ : തെക്കൻ ഗാസ മുനമ്പിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന നാല് പത്രപ്രവർത്തകർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.
പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചതാണ്ഈ വിവരം. കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ ഒരാൾ റോയിട്ടേഴ്‌സ് ക്യാമറാമാനും അസോസിയേറ്റഡ് പ്രസ് പത്രപ്രവർത്തകനുമായ ഹതീം ഖാലിദ് ആണെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആക്രമണം നടന്ന ആശുപത്രിയുടെ പ്രവേശന കവാടത്തിൽ നിൽക്കുന്ന ഒരു ഡോക്ടർ രക്തം പുരണ്ട വസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ച് മാധ്യമപ്രവർത്തകരെ കാണിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. തുടർന്ന് പൊടുന്നനെ മറ്റൊരാക്രമണത്തിന് ആശുപത്രി വേദിയായി. സ്ഫോടനത്തിൽ ഗ്ലാസ് തകരുന്നതും ആളുകൾ ഒളിച്ചിരിക്കാൻ ഓടുന്നതും പരിക്കേറ്റ ഒരാൾ സ്വയം സുരക്ഷിത സ്ഥാനം തേടി പോകുന്നതുമെല്ലാം ദശ്യങ്ങളിൽ വ്യക്തമാകുന്നു.
അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സമാധാന അഭ്യർത്ഥനകൾക്കിടയിലും ഇസ്രായേൽ സൈനിക ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നത് മാനുഷിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന വിമർശനം ഉയരുന്നുണ്ട്. വെടിനിർത്തൽ ചർച്ചകൾക്ക് നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നുവെന്ന് ഹമാസ് ആരോപിച്ചു. അതേസമയം തന്നെ ഗാസയിലെ സൈനിക നടപടികൾ വിപുലീകരിക്കുന്നതിന് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഇസ്രായേൽ സൈന്യത്തിനും ഹമാസിനും ഇടയിലുള്ള ഒരു പ്രധാന യുദ്ധകേന്ദ്രമായ ഗാസ നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം.