കോട്ടയം : മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന ഉറപ്പാണെന്നും എന്നാൽ, ഇത് ധ്വംസിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടന ഓര്‍മ്മപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഭാദ്ധ്യക്ഷന്‍.
ഭരണഘടനയിലെ 25, 26 അനുച്ഛേദത്തിൽ പറയുന്നത് ഇന്ത്യയിലെ ഏതൊരു പൗരനും ഏത് മതത്തിലും വിശ്വസിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും മതം പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നാണ്. എന്നാല്‍, അത് ധ്വംസിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന അനേകം സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് ആര്‍ഷഭാരതത്തിനാകെ അപമാനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ആര്‍ഷഭാരത വീക്ഷണം വിനയത്തിലും സമഭാവനയിലും മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്. അതാണ് ലോകം മുഴുവന്‍ ഭാരതത്തെ കുറിച്ച് പഠിച്ചിരിക്കുന്നത്.
എന്നാല്‍ ഇവിടെ മതഭൂരിപക്ഷം മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും അത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും കാത്തോലിക്കാ ബാവ ആരോപിച്ചു. 79 വര്‍ഷമായിട്ടും സ്വാതന്ത്ര്യം, അത് ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒരു അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.