ന്യൂഡൽഹി : അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് അപകീർത്തികരമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കേസിലാണ് കങ്കണയുടെ ഹർജി കോടതി തള്ളിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ സുപ്രിം കോടതി ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. “നിങ്ങളുടെ കമന്റിനെ കുറിച്ച് എന്താണു പറയാനുള്ളത്? അത് വെറുമൊരു റി–ട്വീറ്റ് മാത്രമായിരുന്നില്ല. നിങ്ങളുടെ കമന്റും അതിനൊപ്പം ചേർത്തു. നിങ്ങൾ അതിൽ മസാല ചേർക്കുകയാണു ചെയ്തത്.’’- രൂക്ഷ വിമർശനത്തോടെയാണ് ഹർജി കോടതി തള്ളിയത്.
സംഭവത്തിൽ കങ്കണ വിശദീകരണം നൽകാമെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും വിശദീകരണം വിചാരണ കോടതിയിൽ നൽകിയാൽ മതിയെന്നായിരുന്നു ബെഞ്ചിന്റെ മറുപടി. പഞ്ചാബ് വരെ യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് അറിയിച്ചതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവു വാങ്ങിക്കാൻ കോടതി അനുവാദം നൽകി. വീണ്ടും വിശദീകരണത്തിന് തുനിഞ്ഞ കങ്കണയുടെ അഭിഭാഷകനെ തടഞ്ഞ കോടതി, ഇത് തുടർന്നാൽ തങ്ങൾ ഇനിയും എന്തെങ്കിലും പറഞ്ഞുപോകുമെന്നും അത് വിചാരണക്കോടതിയിൽ നിങ്ങൾക്കു തിരിച്ചടിയാകുമെന്നും ഓർമ്മിപ്പിച്ചു. തുടർന്ന് കങ്കണ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു.
2021ലെ കർഷക സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73 വയസ്സുകാരിക്കെതിരെയാണ് കങ്കണ അന്ന് അധിക്ഷേപകരമായ ട്വീറ്റിട്ടത്. കർഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മഹീന്ദർ കൗർ അന്നേ രാജ്യാന്തര മാധ്യമങ്ങളിൽ വരെ ഇടംപിടിച്ചിരുന്നു. ‘‘ഏറ്റവും കരുത്തയായ ഇന്ത്യക്കാരിയെന്നു ടൈം മാഗസിൻ വിശേഷിപ്പിച്ച അതേ ദാദിയാണ് ഇവർ. 100 രൂപയ്ക്ക് ലഭ്യമാണ്.’’– എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇവരെ പോലെയുള്ള പ്രതിഷധക്കാരെ വാടകയ്ക്ക് എടുക്കുകയാണെന്നായിരുന്നു അധിക്ഷേപം. ഡൽഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധത്തിൽ പങ്കെടുത്ത ബിൽക്കീസ് ദാദിയുമായി മഹീന്ദർ കൗറിനെ ബന്ധപ്പെടുത്തിയും കങ്കണ ട്വീറ്റിൽ പരാമർശിച്ചിരുന്നു. തുടർന്നാണു മഹീന്ദർ കൗർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. കേസിൽ പഞ്ചാബിലെ ബത്തിൻഡ കോടതിയാണ് കങ്കണക്ക് ഹാജരാകാൻ സമൻസ് അയച്ചത്.
