തിരുവനന്തപുരം : നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറാകും. നിലവിലെ കമ്മീഷണറായിരുന്ന എ. ഷാജഹാന്റെ കാലാവധി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ പദവിയിലേക്ക് സനൽകുമാറിനെ ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
2023 ജൂലൈയിൽ കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരിക്കെയാണ് കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി സർക്കാർ നിയമിയ്ക്കുന്നത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്.
1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ച സനൽകുമാര്‍ വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
