കോഴിക്കോട്: ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ആ കട്ടിൽ കണ്ട് പനിക്കണ്ടെന്നും കെപിസിസി പ്രസിഡൻ്റ് പരിഹസിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഒളിപ്പിച്ചുവെച്ച സ്ഥലം അവർക്ക് അറിയുമെങ്കിൽ കൂടെ പോകാൻ താൻ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെന്റ് ആണെന്നും ആരോപിച്ച സണ്ണി ജോസഫ്, വിവേക് കിരണിന് അയച്ച നോട്ടീസിന്റെ ഗതി തന്നെയാകും ഇതിനുമെന്നും പറഞ്ഞു.
