തിരുവനന്തപുരം : ബെംഗളൂരു ഉൾപ്പെടെയുള്ള അന്തർസംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി കെഎസ്ആർടിസി. അന്തർസംസ്ഥാന സർവ്വീസുകളിൽ ‘ഡൈനാമിക് പ്രൈസിങ് ‘ എന്ന പുതിയ സംവിധാനം നടപ്പാക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അനുമതി നൽകി.
ഡൈനാമിക് പ്രൈസിങ് സംവിധാനത്തിലൂടെ ടിക്കറ്റുകൾ 50 ശതമാനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. തുടർന്ന് വരുന്ന 40 ശതമാനം ടിക്കറ്റുകൾ നിലവിലുള്ള നിരക്കിൽ തന്നെ നൽകും. ബാക്കിയുള്ള 10 ശതമാനം ടിക്കറ്റുകൾക്ക് യാത്രക്കാരുടെ തിരക്ക് കൂടുന്നത് അനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കും. ബെംഗളൂരു, ചെന്നൈ, മൈസൂരു, കോയമ്പത്തൂർ, മംഗളൂരു, മണിപ്പാൽ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള പ്രീമിയം സർവ്വീസുകളിൽ ഈ മാറ്റം വരും.
സാധാരണയായി വെള്ളിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ പല സർവ്വീസുകൾക്കും വേണ്ടത്ര യാത്രക്കാർ ഉണ്ടാവാറില്ല. ഈ സമയങ്ങളിൽ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുറയ്ക്കാറുണ്ട്. എന്നാൽ യാത്രക്കാരുടെ ആവശ്യം കൂടുമ്പോൾ സ്വകാര്യ ബസുകൾ നിരക്ക് ഇരട്ടിയോ അതിൽ കൂടുതലോ ആക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം.
എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതോടെ മധ്യകേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യവും കെഎസ്ആർടിസിയുടെ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
കൂടാതെ, ‘ബസ് ഓൺ ഡിമാൻഡ്’ എന്ന പുതിയ സേവനവും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവ്വീസുകളിലാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ നിശ്ചിത സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിലും യാത്രക്കാർക്ക് ഇറങ്ങാൻ സൗകര്യമൊരുക്കും. ഇതിന് പ്രത്യേക തുക ഈടാക്കും. ബസിൻ്റെ ക്ലാസ് അനുസരിച്ച് ഈ തുകയിൽ മാറ്റം വരും. ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ പകൽ സമയത്ത് ഈ സേവനം ലഭ്യമാക്കുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമായി മാറും.
