ന്യൂഡല്‍ഹി : നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ കോടതികള്‍ക്ക് കഴിയുമോ എന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റെഫറന്‍സ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഇന്ത്യയുടെ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്. വാദം കേള്‍ക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നേപ്പാളിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിച്ചു.
“നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നു. അയല്‍രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.” ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ബംഗ്ലാദേശിലും നേപ്പാളിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.” ഗവായിയെ പിന്താങ്ങി ജസ്റ്റിസ് വിക്രം നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയ, നേപ്പാളില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ച് കോടതി സംസാരിച്ചു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയ ബംഗ്ലാദേശിലെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. തുടര്‍ന്ന്, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശിച്ചു.
“ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍, പാര്‍ട്ടി തോറ്റുവെന്ന് മാത്രമല്ല, അവര്‍ക്ക് സീറ്റ് തന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പാഠം ജനങ്ങൾ പഠിപ്പിച്ചു. പിന്നീട് വന്ന സര്‍ക്കാരിന് ജനങ്ങളെ ഭരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അതേ ജനങ്ങള്‍ അവരെ തിരികെ കൊണ്ടുവന്നു.” തുഷാര്‍ മേത്ത പറഞ്ഞു. ‘അതും വൻ ഭൂരിപക്ഷത്തോടെ ” – ഗവായ് കൂട്ടിച്ചേര്‍ത്തു. ”അതെ, ഇതാണ് ഭരണഘടനയുടെ ശക്തി. ഇത് ഒരു രാഷ്ട്രീയ വാദമല്ല.” തുഷാര്‍ മേത്ത പിന്താങ്ങി.