ഭോഗ്പൂർ : മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാരൻ അമൃത്പാൽ സിംഗ് ധില്ലനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. 114 കാരനായ ഫൗജ സിംഗിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ പ്രതിയെ പോലീസ് അറസ്ററ് ചെയ്യുകയ്യും കൊലക്ക് ഉപയോഗിച്ച ഫോർച്യൂണർ എസ്‌യുവി കണ്ടെത്തുകയും ചെയ്തു.
ജലന്ധറിലെ കർതാർപൂരിലെ ദാസുപൂർ ഗ്രാമത്തിൽ താമസിക്കുന്ന ധില്ലനെ ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഭോഗ്പൂർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പോലീസ് കണ്ടെടുത്ത സംഭവത്തിന് ഉപയോഗിച്ച ഫോർച്യൂണർ എസ്‌യുവി കപൂർത്തല സ്വദേശിയായ വരീന്ദർ സിങ്ങിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജലന്ധർ പോലീസ് സംഘം കപൂർത്തലയിലെത്തി വരീന്ദർ സിങ്ങിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അമൃത്പാൽ സിംഗ് ധില്ലന് രണ്ട് വർഷം മുമ്പ് താൻ കാർ വിറ്റതായി വെളിപ്പെടുത്തിയത്. കാനഡയിൽ ജോലിചെയ്യുന്ന അമൃത്പാൽ സിംഗ് ധില്ലൻ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ധില്ലന് മൂന്ന് സഹോദരിമാരുണ്ടെന്നും അമ്മ കാനഡയിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പ്രാഥമിക ചോദ്യം ചെയ്യലിൽ ധില്ലൺ തന്റെ പങ്കാളിത്തം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. മുകേറിയനിൽ നിന്ന് തന്റെ ഫോൺ വിറ്റ ശേഷം മടങ്ങുമ്പോൾ ബയാസ് പിൻഡിന് സമീപം ഒരു വൃദ്ധനെ തന്റെ വാഹനം ഇടിച്ചുവീഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടത് ഫൗജ സിംഗ് ആണെന്ന് തനിക്ക് ആ സമയത്ത് അറിയില്ലായിരുന്നുവെന്നും പിന്നീട് വാർത്താ റിപ്പോർട്ടുകളിലൂടെ മാത്രമാണ് മാരത്തൺ ഓട്ടക്കാരന്റെ മരണവാർത്ത അറിഞ്ഞതെന്നും ധില്ലൺ അവകാശപ്പെട്ടു. ‘ടർബൻഡ് ടൊർണാഡോ’ എന്നറിയപ്പെടുന്ന ഫൗജ സിംഗ് തിങ്കളാഴ്ച ജലന്ധർ ജില്ലയിലെ തന്റെ ജന്മഗ്രാമമായ ബയാസിൽ നടക്കാൻ പോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് മരിച്ചത്.