ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രതിഷേധ മാർച്ചിന് സാക്ഷ്യം വഹിച്ച് സെൻട്രൽ ലണ്ടൻ. കുടിയേറ്റ വിരുദ്ധ പ്രവർത്തകനായ ടോമി റോബിൻസൺ നയിച്ച തീവ്ര വലതുപക്ഷ റാലി ‘യുണൈറ്റ് ദി കിംഗ്ഡം’ എന്ന പേരിലായിരുന്നു. ‘സ്റ്റാൻഡ് അപ്പ് ടു റേസിസം’ എന്ന പേരിൽ 5000 പേർ അണിനിരന്ന പ്രതിഷേധ പ്രകടനത്തോടൊപ്പമാണ് റോബിൻസന്റെ റാലിയും നടന്നത്. പ്രതിഷേധത്തിനിടെ പലതവണയായി ഉണ്ടായ സംഘർഷങ്ങൾ തടയാൻ മെട്രോപൊളിറ്റൻ പോലീസിന് നന്നേ പാടുപെടേണ്ടിവന്നു. ഇതിനിടെ, നിരവധി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്നതായും പോലീസ് പറഞ്ഞു.
‘കുടിയേറ്റക്കാർ താമസിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധങ്ങൾ അരങ്ങേറി. പങ്കെടുക്കുന്നവർ യൂണിയൻ പതാകയും ചുവപ്പും വെള്ളയും നിറത്തിലുള്ള സെന്റ് ജോർജ്ജ് കുരിശും വീശി, ചിലർ അമേരിക്കൻ, ഇസ്രായേലി പതാകകളും പ്രദർശിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ തൊപ്പികൾ നിരവധി പ്രതിഷേധക്കാർ ധരിച്ചിരുന്നു. പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ വിമർശിക്കുന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. കുട്ടികളെയും പ്രതിഷേധ മാർച്ചിലേക്ക് പലരും കൊണ്ടുവന്നിരുന്നു.
സ്റ്റീഫൻ യാക്സ്‌ലി-ലെനൻ എന്ന ടോമി റോബിൻസൻ്റെ ‘യുണൈറ്റ് ദി കിംഗ്ഡം’ മാർച്ച് അഭിപ്രായ സ്വാതന്ത്ര്യം, കുടിയേറ്റ വിരുദ്ധ വിഷയങ്ങൾ എന്നിവയെ ഉദ്ഘോഷിച്ചു കൊണ്ടാണ് സംഘടിപ്പിച്ചത്. “നമ്മൾ സ്വാതന്ത്ര്യത്തിനായി ഒന്നിച്ചുചേരുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ മധ്യ ലണ്ടനിലെ തെരുവുകളിൽ ഇതിനകം പിന്തുണയായി അണിചേർന്നിരിക്കുന്നു” – എക്‌സിലെ ഒരു സന്ദേശത്തിൽ റോബിൻസൺ കുറിച്ചു.
സർക്കാർ തെറ്റുകൾ തുറന്നുകാട്ടുന്ന ഒരു പത്രപ്രവർത്തകൻ എന്നാണ് റോബിൻസൺ സ്വയം വിശേഷിപ്പിക്കുന്നത്. റാലിയിൽ പങ്കെടുത്ത സാന്ദ്ര മിച്ചൽ കൂടെ ചേർന്ന പലരുടെയും മാനസികാവസ്ഥ വെളിപ്പെടുത്തി : “നമ്മുടെ രാജ്യം തിരികെ വേണം, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. ഈ രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ ടോമിയിൽ വിശ്വസിക്കുന്നു.”
ബ്രിട്ടന്റെ രാഷ്ട്രീയ ചർച്ചകളിൽ കുടിയേറ്റം വലിയ വിഷയമായി ഉയർന്നുവന്നിരിക്കുകയാണ്. യുകെയിൽ അഭയം തേടുന്നവരുടെ എണ്ണം റെക്കോർഡിലാണ്. ഈ വർഷം ഇതുവരെ 28,000-ത്തിലധികം കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനലിലൂടെ ചെറിയ ബോട്ടുകളിൽ എത്തി. ബ്രിട്ടനിൽ കുടിയേറ്റം, ദേശീയ സ്വത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇനിയും ഏറെ ആക്കം കൂട്ടുന്നതാണ് ഇക്കഴിഞ്ഞ മാർച്ചും സംഘർഷങ്ങളുമെല്ലാം. വരും ദിവസങ്ങളിൽ അതിൻ്റെ പ്രതിഫലനം ഏത് രീതിയിലായിരിക്കും എന്നത് കണ്ടറിയണം.