കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്മാർട്ട് ഫോണുകളും ചാർജറുകളും കണ്ടെത്തിയത്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയതുകൊണ്ടാണ് ഒളിപ്പിച്ചവെച്ച സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്താനായത്.
അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകൾ പിടികൂടിയത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.