തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല എൻ ശക്തന്. വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് പാലോട് രവി രാജിവെച്ച സാഹചര്യത്തിലാണിത്. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടനയിലൂടെ പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് വെട്ടിലാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലാണ് എൻ ശക്തന് പെട്ടെന്ന് താൽക്കാലിക ചുമതല നൽകിയത്.
അതിനിടെ പാലോട് രവിയിൽ നിന്നും രാജി ചോദിച്ചു വാങ്ങിയതിൽ പാർട്ടി രണ്ട് തട്ടിലാണ്. നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ള അഭിപ്രായം ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ തന്നെ സദുദ്ദേശത്തോടെയുള്ള ഫോൺ സഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പാലോട് രവിയെ അനുകൂലിക്കുന്നവർക്ക്. എൻ ശക്തനും ഇതേ അഭിപ്രായമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.