മുംബൈ: മണൽ മാഫിയയ്ക്ക് വേണ്ടി സോലാപൂർ ഡിവൈഎസ്പി അഞ്ജന കൃഷ്ണയെ ഉപമുഖ്യമന്ത്രി അജിത് പവാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ജനയുടെ യോഗ്യത ചോദ്യം ചെയ്ത് എൻസിപി നേതാവ്.
അജിത് പവാർ ഡിവൈഎസ്പിയെ പരസ്യമായി ശാസിക്കുന്ന വീഡിയോ വൈറലായതോടെ മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദമാണ് ഉയർന്നുവന്നത്. എന്നാൽ, സംഘർഷ അന്തരീക്ഷം ലഘൂകരിക്കാനാണ് താൻ ഇടപെട്ടതെന്ന് പറഞ്ഞ് അജിത് പവാർ തടിയൂരാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗത്തിലെ തന്നെ എംഎൽസിയായ അമോൽ മിത്കരി അഞ്ജനയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നത്.

ഖനന മാഫിയയ്ക്ക് എതിരെ നടപടി സ്വീകരിച്ച ഉദ്യോസ്ഥയുടെ യോഗ്യത ചോദ്യം ചെയ്ത് യുപിഎസ്സിക്കു കത്തയച്ച മിത്കരി, അഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. 2022-23 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 355-ാം റാങ്ക് നേടിയ വ്യക്തിയാണ്.
സംഭവം സമൂഹമാധ്യമങ്ങളിൽ കൂടി സജീവമായതോടെ ഖനന മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്ത ഉദ്യോഗസ്ഥക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തകരും ഇതര രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.