ന്യൂഡൽഹി: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ച 22 തടവുകാരെ ഇന്ത്യയുടെ സശസ്ത്ര സീമ ബൽ ( എസ്‌എസ്‌ബി ) പിടികൂടി. ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിനടുത്തുള്ള ഇന്തോ – നേപ്പാൾ അതിർത്തിയിൽ വെച്ചാണ് തടവുകാർ പിടിയിലായത്.
അതിർത്തി പ്രദേശത്ത് എത്തിയ ഇവരെ എസ്‌എസ്‌ബി ഉദ്യോഗസ്ഥർ തടയുകയും രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമായ രേഖകൾ കൈവശമില്ലെന്ന് വ്യക്തമായതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ വ്യക്തമായതെന്ന് ഒരു എസ്‌എസ്‌ബി ഉദ്യോഗസ്ഥൻ പറഞ്ഞു. നേപ്പാളിൽ പ്രക്ഷോഭം ആരംഭിച്ചതുമുതൽ എസ്‌ബി അതീവ ജാഗ്രതയിലാണ്. പട്രോളിങ് വർധിപ്പിക്കുകയും സേനാ വിന്യാസം ശക്തിപ്പെടുത്തുകയും അതിർത്തി അടയ്ക്കുകയും ചെയ്തു.