തിരുവനന്തപുരം : കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം സൃഷ്ടിയ്ക്കുന്ന ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ടം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമതീര ജലപാതാ വികസനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് ബേക്കൽ വരെ 616 കിലോമീറ്റർ നീളുന്ന ഈ ജലപാത യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ ഗതാഗത, വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ പ്രവചനാതീതമാകും.
തിരുവനന്തപുരം മുതൽ തൃശൂർ വരെ 280 കിലോമീറ്റർ നീളുന്ന ആക്കുളം-ചേറ്റുവ ജലപാതയാണ് ഒന്നാം ഘട്ടമായി പൂർത്തിയായത്. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷനിൽ ഉൾപ്പെടെ ആഴവും വീതിയും കൂട്ടി വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് നടന്നത്.
ചിലക്കൂർ ടണൽ നവീകരണം
1876-ൽ നിർമ്മിക്കപ്പെട്ട ഈ എഞ്ചിനീയറിംഗ് അത്ഭുതത്തെ അതിന്റെ പൈതൃകം ചോരാതെ വീണ്ടെടുത്തതും ഒന്നാം ഘട്ടത്തിൽ എടുത്തു പറയേണ്ട സവിശേഷതയാണ്. അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയോടു കൂടി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഹെറിറ്റേജ് സെന്ററായി ചിലക്കൂർ ടണൽ മാറും.
തൃക്കുന്നപുഴ ലോക്കിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ തിരക്ക് കുറയ്ക്കാനും ചരക്കുഗതാഗതം ജലപാത വഴി സുഗമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 ടാങ്കറുകൾ കൊണ്ടുപോകുന്ന അസംസ്‌കൃത വസ്തുക്കൾ കേവലം രണ്ട് ബാർജുകളിലേക്ക് മാറ്റാൻ ഇതിലൂടെ കഴിയും എന്നാണ് വിദഗ്ദാഭിപ്രായം
കോഴിക്കോട് മൂഴിക്കൽ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്ര്യൂ പാലം, 14 കി.മീ നീളമുള്ള വടകര-മാഹി കനാൽ എന്നിവയും നാഷണൽ വാട്ടർവേ നിലവാരത്തിൽ പൂർത്തിയായിട്ടുണ്ട്.
പദ്ധതികളുടെ ഭാഗമായി പുനരധിവാസം ആവശ്യമായി വന്ന 580-ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഇതിനോടകം സർക്കാർ ഉറപ്പാക്കി കഴിഞ്ഞു. ആധുനികവും സുസ്ഥിരവുമായ വികസനത്തിലൂടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
