പഹൽഗാം തീവ്രവാദികൾ ഇപ്പോഴും കശ്മീരിൽ തമ്പടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി എൻഐഎ

Date:

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത തീവ്രവാദികൾ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കാശ്മീരിൽ തന്നെ തമ്പടിച്ചിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ദക്ഷിണ കശ്മീരിൽ ഒളിച്ചിരിക്കുന്നതിന്റെ ശക്തമായ സൂചനകൾ ലഭിക്കുന്നുണ്ടെന്നാണ് എൻഐഎ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിനിടെ, സുരക്ഷാ സേന പെട്ടെന്ന് തിരിച്ചടിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ കൂടുതൽ ഭീകരർ അകലം പാലിച്ച് തമ്പടിച്ചതായി സംശയമുണ്ടെന്നും എൻഎഐ വ്യക്തമാക്കുന്നു.

ആക്രമണകാരികൾ വളരെ സ്വാശ്രയത്വമുള്ളവരാണെന്നും ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഒപ്പം കരുതിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതുകൊണ്ടു തന്നെ വനപ്രദേശത്ത് ബാഹ്യ ഇടപെടലുകളില്ലാതെ ദീർഘകാലം പ്രവർത്തിക്കാൻ അവർക്ക് അവസരമൊരുക്കുന്നു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും അന്വേഷണ ഏജൻസികൾ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണം എത്ര ഭയാനകമായ കൃത്യതയോടെയാണ് നടന്നതെന്ന് ഇത് വെളിപ്പെടുത്തുന്നു. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടിലെ  പ്രവേശന കവാടങ്ങളും എക്സിറ്റ് കവാടങ്ങളും അടച്ചുകൊണ്ടാണ് അക്രമികൾ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണത്തിന് മുതിർന്നത്. ആക്രമണം നടത്തിയത് നാല് തീവ്രവാദികളാണ്. രണ്ട് പേർ പ്രധാന ഗേറ്റിലൂടെ അകത്തുകടന്നു. ഒരാൾ എക്സിറ്റിൽ നിലയുറപ്പിച്ചു. നാലാമൻ ഇവരെ സഹായിക്കാൻ ചുറ്റുമുള്ള പൈൻ വനത്തിൽ  പതുങ്ങി നിൽക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

അക്രമികളിൽ രണ്ടുപേർ സൈനിക വേഷം ധരിച്ചിരുന്നു, മൂന്നാമൻ പരമ്പരാഗത കശ്മീരി ഫെറാൻ ധരിച്ചിരുന്നു. എക്സിറ്റ് ഗേറ്റിന് സമീപം ആദ്യ വെടിയൊച്ച മുഴക്കി പരിഭ്രാന്തി പരത്തി. വിനോദസഞ്ചാരികൾ പ്രവേശന കവാടത്തിലേക്ക് ഓടിയെത്തിയപ്പോൾ അവിടെ  നിലയുറപ്പിച്ചിരുന്ന രണ്ടുപേർ പതിയിരുന്ന് ആക്രമിച്ചു.

സാക്ഷി മൊഴികൾ നൽകുന്ന വിവരങ്ങൾ ഇങ്ങനെ : സ്ത്രീകളെ പുരുഷന്മാരിൽ നിന്നും ഹിന്ദുക്കളെ  മുസ്ലീങ്ങളിൽ നിന്നും വേർതിരിക്കാൻ തീവ്രവാദികൾ ശ്രമിച്ചതായി പറയുന്നു. ജനങ്ങൾ അത് വിസമ്മതിച്ചപ്പോൾ, അക്രമികൾ പുരുഷൻമാരോട് കൽമ (ഇസ്ലാമിക വിശ്വാസ പ്രഖ്യാപനം) ചൊല്ലാൻ ആവശ്യപ്പെട്ടു. ചൊല്ലാൻ തയ്യാറാവാത്തവർക്ക് നേരെ പൊടുന്നനെ വെടിയുതിർത്തു. നിരവധി വിനോദസഞ്ചാരികൾ ഒത്തുകൂടിയ ചായക്കടകൾക്കും ഭേൽപുരി കടകൾക്കും സമീപമാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്ക് ശേഷം പാർക്കിന്റെ ഇടതുവശത്തുള്ള മതിൽ ചാടി തീവ്രവാദികൾ പ്രദേശം വിട്ട് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

സുരക്ഷാ സേനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ, ആക്രമണസമയത്ത് തീവ്രവാദികൾ വളരെ സുരക്ഷിതമായ ഒരു ആശയവിനിമയ സംവിധാനം ഉപയോഗിച്ചിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. സിം കാർഡ് ആവശ്യമില്ലാത്തതും ഹ്രസ്വ-ദൂര എൻക്രിപ്റ്റഡ് സന്ദേശമയയ്ക്കൽ അനുവദിക്കുന്നതുമായ ഒന്ന്. ഈ സാങ്കേതികവിദ്യ സുരക്ഷാ ഏജൻസികൾക്ക് തത്സമയ ഇടപെടലിനും ട്രാക്കിംഗിനും വളരെ ബുദ്ധിമുട്ടാക്കിയതായി പറയുന്നു.

ആക്രമണത്തിന് ഒരു ആഴ്ച മുമ്പ്, ഏപ്രിൽ 15 ന്, തീവ്രവാദികൾ പ്രദേശത്തെ മൂന്ന് സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. സംശയിക്കപ്പെടുന്നവരിൽ ഒരാൾ ഒരു പ്രാദേശിക അമ്യൂസ്‌മെന്റ് പാർക്കിൽ പോലും സർവ്വെ നടത്തിയിരുന്നുവെങ്കിലും കർശനമായ സുരക്ഷ കാരണം അത് ലക്ഷ്യമിടാനുള്ള പദ്ധതി ഉപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...