‘ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം’ : ദേവസ്വം ബോര്‍ഡ് വിജ്ഞാപനം  ശരിവെച്ച് ഹൈക്കോടതി

Date:

കൊച്ചി : ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ശരിവെച്ച് കേരളാ ഹൈക്കോടതി ദേവസ്വം ബെഞ്ച്. അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമെ നിയമനം നല്‍കാവൂ എന്നായിരുന്നു
തന്ത്രി സമാജത്തിന്റെ ഹർജി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌ക്കര്‍ഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്. 2024 ലാണ് ഇത് സംബന്ധിച്ച ഹർജി കോടതിയുടെ പരിഗണനയില്‍ വന്നത്. പാര്‍ട്ട് – ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അഖില കേരളാ തന്ത്രി സമാജം ഹര്‍ജി നല്‍കിയത്. മുന്നൂറോളം തന്ത്രി കുടുംബങ്ങളെ പ്രതിനിധീകരിച്ച് അഖില കേരള തന്ത്രിസമാജത്തിന്റെ പ്രസിഡന്റ് അടക്കം രണ്ട് ഭാരവാഹികളായിരുന്നു ഹര്‍ജിക്കാര്‍. പത്താം ക്ലാസും ടിഡിബി, കെഡിആര്‍ബി എന്നിവര്‍ അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എന്നതായിരുന്നു ദേവസ്വം റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ച മാനദണ്ഡം.

ദേവസ്വം റിക്രൂട്ട്‌മെന്റ് പ്രസിദ്ധീകരിച്ച യോഗ്യതകൾ ഭരണഘടനാ വിരുദ്ധമാണ്, ബ്രാഹ്‌മണ്യം ജന്മാധിഷ്ഠിതമല്ല, അത് ഗുണകർമ്മങ്ങളിൽ അധിഷ്ഠിതമായ ചാതുർവർണ്യത്തിന്റെ ഭാഗമാണ് (ചാതുർവർണ്യം ദൈവസൃഷ്ടിയാണ്), താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനോ അവയ്ക്ക് അംഗീകാരം നൽകാനോ ഉള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനോ (കെഡിആർബി) ഇല്ല എന്നിങ്ങനെയായിരുന്നു അഖില കേരളാ തന്ത്രി സമാജത്തിൻ്റെ വാദം.

ജാതി വിവേചനം അവസാനിപ്പിക്കാനാണ് ഈ തീരുമാനമെടുത്തതെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ പ്രധാന വാദം. ക്ഷേത്രങ്ങളിലെ ശാന്തി നിയമനം തന്ത്രി കുടുംബത്തിന്റെ പാരമ്പര്യ അവകാശം അല്ലെന്നും ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചു. ദേവസ്വം ബോർഡിന്റെ നടപടി നിയമപരമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങൾക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ലെന്ന് പറഞ്ഞ കോടതി യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കുമെന്നും ചൂണ്ടിക്കാട്ടി. ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല. പാരമ്പര്യത്തിനു മാത്രം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാകില്ല.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അംഗീകാരത്തോടെയാണ് റിക്രൂട്ട്‌മെന്റ് ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.
തന്ത്രവിദ്യാലയങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നത് കുറ്റമറ്റരീതിയിലാണ്.ഈ നടപടികളിൽ ഹർജിക്കാരിലൊരാൾ പങ്കെടുത്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...

ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഡോ. ഉമർ തന്നെ ; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

ന്യൂസൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനക്കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന...