വടകര : വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപമാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. മരണപ്പെട്ട ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ട്രെയിൻ ഇടിച്ച് ശരീരം ഛിന്നഭിന്നമായ നിലയിലാണ്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരിച്ചറിയലിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച്ചയും വന്ദേഭാരത് ഇടിച്ച് ഒരു വയോധികൻ മരിച്ചിരുന്നു. കോഴിക്കോട് ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്. ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ചക്കുംകടവ് വെച്ച് റെയില്‍വെ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
