തിരുവനന്തപുരം : ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന നിയമസഭയിലെ പ്രതിപക്ഷാരോപണത്തിനെതിരെ യുഡിഎഫ് ഭരണകാലത്തെ അസൗകര്യങ്ങളുടേയും ചികിത്സാ പിഴവുകളുടേയും മരണങ്ങളുടേയും കണക്കുകൾ നിരത്തി തിരിച്ചടിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ‘വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധമെന്ന അടിയന്തരപ്രമേയ ചർച്ചവേളയിലായിരുന്നു ഈ വാദപ്രതിവാദങ്ങൾ
യുഡിഎഫ് കാലത്തെ വീഴ്ചകളുടെ കണക്കുകൾ നിരത്തിയായിരുന്നു പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി. യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേരാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു പ്രസവത്തിനിടെ മരിച്ചത് 950 പേരെന്നും തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേർക്ക് കാഴ്ച നഷ്ടമായിയെന്നും അവർക്കൊന്നും യുഡിഎഫ് നഷ്ടപരിഹാരം നൽകിയില്ലെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
യുഡിഎഫ് കാലത്ത് ലാബുകൾ ഇല്ലായിരുന്നു. യുഡിഎഫിന്റെ കാലത്ത് ഏതെങ്കിലുമൊരു മെഡിക്കൽ കോളജുകളിൽ കാത്തലാബ് തുടങ്ങിയിട്ടുണ്ടോയെന്നും മന്ത്രി വീണാ ജോർജ് ചോദിച്ചു. കല്ല് ഇട്ട് പോയ മെഡിക്കൽ കോളേജുകൾക്ക് പകരം കുട്ടികൾ ഇരുന്നു പഠിക്കുന്ന മെഡിക്കൽ കോളജ് ആക്കി ഈ കാലഘട്ടം മാറ്റിയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നു. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
.
പ്രമേയാവതാരകനായ പി സി വിഷ്ണുനാഥ് ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടികൊണ്ടാണ് തുടങ്ങിയത്. എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണെന്നും ആരോഗ്യ വകുപ്പിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സർക്കാരിന് വീഴ്ചയുണ്ടാകുമ്പോൾ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വലിയ തകർച്ചയിലേക്കാണ് ആരോഗ്യമേഖല പോകുന്നതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തി. ശിശു മരണ നിരക്കും, മാതൃ മരണ നിരക്കും കുറയാൻ കാരണം പ്രസവങ്ങൾ 70 ശതമാനവും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നായിരുന്നു വിഡി സതീശൻ്റെ വിലയിരുത്തൽ.
