Monday, January 26, 2026

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണി

Date:

ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണ്ണായക തീരുമാനമെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അദ്ധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ മുഹ്സിൻ നഖ്വി വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ഈ കടുത്ത നീക്കത്തിന് ഒരുങ്ങുന്നത്. ടൂർണ്ണമെന്റിലെ മറ്റ് മത്സരങ്ങളിൽ പങ്കെടുത്താലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്ക്കരിക്കാനാണ് പാക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം. ടൂർണ്ണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നതിനെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യുന്നത്. മത്സരത്തിൽ നിന്നുള്ള വരുമാനം ഇന്ത്യക്ക് ലഭിക്കരുതെന്ന വാദവും പിസിബി യോഗത്തിൽ ഉയർന്നിട്ടുണ്ട്.

ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നിലപാടിൽ പാക് സർക്കാരും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണ്ണമെന്റിലേക്ക് ടീമിനെ അയക്കാൻ പാക് സർക്കാർ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. സുരക്ഷാ ആശങ്കകൾ ഉന്നയിക്കുന്ന മറ്റ് രാജ്യങ്ങളുടെ അവകാശങ്ങൾ ഐസിസി അവഗണിക്കുകയാണെന്നും ഇന്ത്യക്ക് മാത്രമാണ് പ്രത്യേക പരിഗണന നൽകുന്നതെന്നും പാക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ ആരോപിച്ചു.

പാക്കിസ്ഥാൻ മത്സരം ബഹിഷ്‌ക്കരിച്ചാൽ രണ്ട് പോയിന്റുകൾ ഇന്ത്യൻ ടീമിന് നൽകിക്കൊണ്ട് കളി നിലവിലുള്ള നിലയിൽ തുടരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒപ്പം, ബഹിഷ്ക്കരണം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകാനും സാദ്ധ്യതയുണ്ട്.

അതേസമയം ട്വൻ്റി20 ലോകകപ്പ് ബഹിഷ്‌ക്കരിക്കാനുള്ള  നീക്കത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ്റെ ഈ നടപടി അഭൂതപൂർവ്വമായ ഉപരോധങ്ങൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമായേക്കുമെന്നും  സൂചനയുണ്ട്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ വിദേശ കളിക്കാരെ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുക, ഐസിസി ഫണ്ടിംഗ് കുറയ്ക്കുന്നതിലൂടെ പിസിബിക്ക് വൻ വരുമാന നഷ്ടം വരുത്തുക, പിഎസ്എല്ലിനുള്ള അന്താരാഷ്ട്ര അംഗീകാരവും വാണിജ്യ പിന്തുണയും പിൻവലിക്കുക, ഏഷ്യാ കപ്പിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കുക, ദേശീയ ടീം ഉൾപ്പെടുന്ന എല്ലാ ദ്വിരാഷ്ട്ര പരമ്പരകളും നിർത്തിവയ്ക്കുക എന്നിവയാണ് ചർച്ച ചെയ്യപ്പെടുന്ന നടപടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രെയിൻ വൈകി, പരീക്ഷ എഴുതാൻ കഴിഞ്ഞില്ല ; വിദ്യാർത്ഥിനിക്ക് 9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി റെയിൽവെ

ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ  പ്രവേശന പരീക്ഷയെഴുതാൻ...

റിപ്പബ്ലിക് ദിന പരേഡിൽ ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ പ്രദർശിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തലസ്ഥാനത്തെ കർത്തവ്യ...

വിഎസിന്‍റെ പത്മവിഭൂഷൺ:   പുരസ്കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ അരുൺ കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത്...