ന്യൂഡല്‍ഹി: ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായില്ലെന്ന് കാട്ടി തൃശ്ശൂര്‍ പാലിയേക്കരയിലെ ടോള്‍പിരിവ് നാലാഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റിയും കരാര്‍ക്കമ്പനിയും നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അദ്ധ്യക്ഷനായ മൂന്നംഗബെഞ്ച് വിധി.
ബിഒടി അടിസ്ഥാനത്തിലുണ്ടാക്കിയ റോഡിന്റെ തുടര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മറ്റൊരുകരാറുകാര്‍ക്ക് നല്‍കിയത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി പറഞ്ഞു.
ഇത്തരം റോഡുകളുടെ ദുരവസ്ഥയെക്കുറിച്ച് ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ബ്ലാക്ക് സ്‌പോട്ടുകളില്‍ (അപകടസാധ്യതയുള്ള മേഖല) പണിനടത്തുന്ന പിഎസ്ടി എന്‍ജിനിയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയെക്കൂടി കേസില്‍ കക്ഷിയാക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു.
നാലാഴ്ചയ്ക്കുമുന്‍പ് ഗതാഗതം സുഗമമാക്കാൻ കഴിഞ്ഞാൽ ടോള്‍വിലക്ക് നീക്കാനായി ദേശീയപാതാ അതോറിറ്റിക്കും കമ്പനിക്കും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.