കണ്ണൂര്‍: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് നിയോ മുളളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററായ നിയോ മുളളർക്ക് പിന്നീട് ജയിലിൽ കിടക്കേണ്ടി വന്നു. ഏതാണ്ട് അഞ്ചുവര്‍ഷക്കാലമാണ് നിയോ മുള്ളറെന്ന പാസ്റ്റര്‍ക്ക് ജയിലിൽ കിടക്കേണ്ടിവന്നത്. അപ്പോഴാണ് നിയോ മുള്ളര്‍ക്ക് ബോധോദയം ഉണ്ടായത്. അതുവരെ ഹിറ്റ്ലര്‍ നല്ലവനായിരുന്നു. ഏതാണ്ട് പാംപ്ലാനി പിതാവിനും ഇതേ അവസ്ഥ വരും.
ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ, എന്ന മുദ്രാവാക്യവുമായി 15-ന് ഡിവൈഎഫ്‌ഐ കൂത്തുപറമ്പില്‍ സംഘടിപ്പിക്കുന്ന സമരസംഗമം പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് പ്രചാരണ കാല്‍നട ജാഥ തൃക്കണ്ണാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില പിതാക്കൻമാരിപ്പോൾ ആർ എസ് എസിനായി കുഴലൂത്തു നടത്തുകയാണ്. അരമനയിലേക്ക് കേക്കുമായി എത്തുന്ന ആർ എസ് എസുകാരെ സ്വീകരിക്കുകയാണ്. പരസ്പരം പരവതാനി വിരിച്ച് ആശ്ലേഷിക്കുകയാണെന്നും ആരെയാണ് ഇവര്‍ പൊട്ടന്മാരാക്കുന്നതെന്നും വികെ സനോജ് വിമര്‍ശിച്ചു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്ലാംപ്ലാനി പിന്നീട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് അനുകൂലമായാണ് പ്രതികരിച്ചത്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്രം നടത്തിയ ഇടപെടലുകള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും പാംപ്ലാനി നന്ദി അറിയിച്ചു രംഗത്ത് വന്നിരുന്നു.
