തിരുവനന്തപുരം : പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും സന്നിഹിതനായിരുന്നു.
മുതിര്‍ന്ന സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 2021ല്‍ കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പീരുമേട്ടിലെ കര്‍ഷക പ്രശ്‌നങ്ങള്‍, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍ എന്നിവ വിശദമായി പഠിക്കുകയും സഭയ്ക്ക് അകത്തും പുറത്തും സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു.
കന്നിമത്സരത്തില്‍ തന്നെ വാഴൂര്‍ സോമന് അസംബ്ലിയിലെത്താനായി. സ്വന്തമായി ജീപ്പ് ഓടിച്ച് വാഴൂര്‍ സോമന്‍ സഭയിലെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ദീര്‍ഘകാലമായി സിപിഐ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു.