ന്യൂഡൽഹി : കേരളത്തിലെ മലയോര മേഖലകളിൽ പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തിയതിനെതിരെ സംസ്ഥാനത്തെ ‘പെറ്റ് ‘ ബോട്ടിൽ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിന് നേരത്തെ ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ രൂപവത്കരിച്ച ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയത്
ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പുനരുപയോഗിക്കാവുന്ന ‘പെറ്റ് ‘ ബോട്ടിലുകൾ എന്നാണ് ഹർജിക്കാരുടെ വാദം. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പുനരുപയോഗിക്കാവുന്ന PET ബോട്ടിലുകൾക്ക് നിരോധനമില്ല. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 500 മില്ലിയിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലിനും കുറഞ്ഞ അളവിലുള്ള പ്ലാസ്റ്റിക് സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾക്കും മാത്രമേ നിരോധനം ഏർപെടുത്താൻ കഴിയുകയുള്ളൂവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ പത്ത് നിർമ്മാതാക്കൾ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.