തൃശൂർ : തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ ആംബുലൻസ് കിട്ടാതെ യുവാവ് റെയിൽവെ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവത്തിൽ റെയിൽവേയുടെ നിലപാട് തള്ളി പോലീസ് അന്വേഷണ റിപ്പോർട്ട്. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നൽകിയ റിപ്പോർട്ടിലാണ് ആംബുലൻസ് വൈകിയതിനെത്തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്ന വിവരം ശരിവെക്കുന്നത്.
ഷോർണൂർ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവെ സ്റ്റേഷനിൽ എത്തിച്ചശേഷം അരമണിക്കൂറോളം ആംബുലൻസ് കാത്ത് നിൽക്കേണ്ടി വന്നതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള റെയിൽവേയുടെ നിലപാടിനെ തള്ളുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. റെയിൽവെ എസ് പി ഷഹിൻ ഷാ നൽകിയ റിപ്പോർട്ടിലാണ് റെയിൽവെയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപി പി വിജയന് കൈമാറി. ആംബുലൻസിന് വിവരം കൈമാറിയ സമയത്തെ പറ്റി പോലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്. ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനിൽ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ചത്.