തൃശൂര്‍: സ്വരാജ് റൗണ്ടില്‍ തിങ്കളാഴ്ച ഉച്ചക്ക് പുലികളിറങ്ങും. കഴിഞ്ഞ തവണ മാറ്റുരയ്ക്കാൻ ഏഴ് പുലിക്കളി സംഘങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത് ഒന്‍പത് സംഘങ്ങളാണ്. വെളിയന്നൂര്‍, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങര, അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, ചക്കാമുക്ക്, നായ്ക്കനാല്‍, സീതാറാം മില്‍, പാട്ടുരായ്ക്കല്‍ എന്നീ ടീമുകളാണ് ചെണ്ടമേളത്തിനൊപ്പം ചുവടുകൾ വെച്ച് കുമ്പകുലുക്കി പരമ്പരാഗത ഓണാഘോഷച്ചടങ്ങിന്റെ ഭാഗമാകുന്നത്. ആഘോഷത്തിന്റെ ആവേശമാകാൻ സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് രാവിലെ തന്നെ ജനങ്ങൾ എത്തി തുടങ്ങും.
പുലിക്കളിയോടനുബന്ധിച്ച് തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പുലിക്കളിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഓരോ ടീമിനും 3,12,500 രൂപ വീതം ധനസഹായവും നല്‍കും. ഇതിനകം ടീമുകള്‍ക്ക് 1,56,000 രൂപ വീതം കൈമാറിയിട്ടുണ്ട്. 2025 സെപ്റ്റംബര്‍ 8-ന് വൈകുന്നേരം 4.30-ന്, മേയര്‍ എം.കെ. വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍, ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെയാണ് പുലിക്കളിക്ക് ആരംഭമാകുക.
ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒരു നിശ്ചല ദൃശ്യവും, ഒരു പുലിവണ്ടിയും ഉണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 62,500/-, 50,000/-, 43,750/- രൂപ വീതം സമ്മാനം ലഭിക്കും. നിശ്ചല ദൃശ്യത്തിന് 50,000/-, 43,750/-, 37,500/- രൂപയും, പുലികൊട്ട്, പുലിവേഷം, പുലിവണ്ടി എന്നിവയ്ക്ക് 12,500, 9,375, 6,250 രൂപ വീതം സമ്മാനവും നല്‍കും.
പുലിവരയ്ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കായി യഥാക്രമം 12,500, 9,375, 6,250 എന്നിങ്ങനെയും ചമയപ്രദര്‍ശനത്തിന് 25,001, 20,001, 15,001 എന്നിങ്ങനെയും സമ്മാനം ലഭിക്കും.
