തിരുവനതപുരം : പുനർജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്. വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്
പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2018 നവംബർ 27ന് മണപ്പാട്ട് ഫൗണ്ടേഷൻ അക്കൗണ്ട് തുറന്നു. പുനർജ്ജനി സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
