(Photo courtesy : CNN /X)
ദോഹ : ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കള ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേലിനെ പ്രാദേശികതലത്തിൽ ഒന്നിച്ച് തിരിച്ചടി നൽകണമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘മേഖലയിലെ മറ്റു പങ്കാളികളുമായി ഇസ്രയേൽ ആക്രമണ വിഷയം ചർച്ച ചെയ്തു വരുകയാണ്’–അൽ താനി പറഞ്ഞു.
ഖത്തറിനു നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്നും അൽ താനി പറഞ്ഞു. ‘ഈ ആക്രമണത്തിൽ ഞങ്ങൾക്ക് എത്രത്തോളം രോഷാകുലരാണെന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഇസ്രയേൽബന്ദികളാക്കപ്പെട്ടിരിക്കുന്ന പൗരരുടെ കാര്യത്തിലുള്ള പ്രതീക്ഷയും അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹുവെന്നും അദ്ദേഹം പറഞ്ഞു.