തിരുവനന്തപുരം : എ.എ. റഹീം എം പിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റഹീം ഒരു പൊതുവിഷയത്തിൽ ഇടപെടാനാണ് പോയതെന്നും അവിടെ പ്രതികരണത്തിനാണ് പ്രധാന്യമെന്നും മറിച്ച് ഗ്രാമർ നോക്കി സംസാരിക്കുന്നതിനല്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
സൈബർ ആക്രമണം നടത്തുന്നവരുടെ വിചാരം അവർ ലോക പണ്ഡിതർ ആണെന്നാണ്. റഹീമിന് അറിയാവുന്ന ഭാഷയിൽ കമ്മ്യൂണിക്കേറ്റ് ചെയ്തു. അയാൾ ഒരു പൊതുവിഷയത്തിൽ പ്രതികരിക്കാനാണ് പോയത്. അല്ലാതെ ഗ്രാമറിന്റെ പരീക്ഷ എഴുതാൻ അല്ല.’ മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എംഎൽഎയുടെ വട്ടിയൂർക്കാവിലെ ഓഫീസുമായി ബന്ധപ്പെട്ട് ശബരീനാഥൻ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രശാന്ത് അനിയനെപോലെ ആണെന്ന് പറഞ്ഞിട്ട് നീതിയും ന്യായവും ഇല്ലാത്ത പ്രവൃത്തിയാണ് ഇപ്പോൾ ചെയ്തത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പാറശാല ബ്ലോക്ക് ഓഫീസിൽനിന്ന് വിഎസിന്റെ ചിത്രം എടുത്തു മാറ്റിയത് മര്യാദകേടാണെന്നും സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ശിവൻകുട്ടി പറഞ്ഞു.
