തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിൽ വീണ്ടും കലഹത്തിന് വഴിമരുന്നിടുകയാണ്. രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് എഴുതി നൽകി. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുലിന് ഇനി കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമാവില്ല. സ്വതന്ത്ര എംഎൽഎ എന്ന രീതിയിലായിരിക്കും ഇരിപ്പിടം.
രാഹുലിനെതിരേ ഉയർന്ന ലൈംഗികാരോപണങ്ങൾ, പ്രത്യേകിച്ച് ഗർഭമലസിപ്പിക്കൽ വിഷയത്തിൽ ഓഡിയോ വരെ പുറത്തു വന്ന സ്ഥിതിക്ക് നിയമസഭയെ അത് പ്രക്ഷുഭ്തമാക്കിയേക്കും. അതുകൊണ്ടുതന്നെ രാഹുൽ നിയമസഭയിൽ എത്തുന്നതിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലെങ്കിലും നേരിടുന്ന ആരോപണത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അദ്ദേഹം സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. ആരോപണമുക്തനാകുന്നതുവരെ അദ്ദേഹം അവധിയെടുക്കട്ടെയെന്ന നിലപാടാണ് സതീശനുള്ളത്. രാഹുൽ സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാർക്കുള്ളത്.