അജ്ഞാതൻ്റെ ‘വിക്രിയകൾ’ അതിര് കടക്കുന്നു ; ഉറക്കമില്ലാത്ത രാവുകളുമായി പത്തനംതിട്ട പളളിക്കല്‍ കൊല്ലോട്ട് നഗർ നിവാസികൾ

Date:

പ്രതീത്മാകചിത്രം –

പത്തനംതിട്ട: പത്തനംതിട്ട പളളിക്കല്‍ കൊല്ലോട്ട് നഗറിലെ ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് കാലം കുറെയായി. എന്നാൽ ഉറക്കം കെടുത്തുന്ന പ്രത്യേകിച്ച് അസുഖമൊന്നും ഇവിടുത്തുകാർക്കില്ലതാനും. പക്ഷെ, അസുഖമുള്ള ഏതോ ഒരുത്തൻ ഇവർക്കിട്ട് നിരന്തരം പണി കൊടുത്തു കൊണ്ടേയിരിക്കുന്നു എന്നതാണ് കൊല്ലോട്ട് നഗർ നിവാസികളുടെ എന്നത്തേയും വലിയ പ്രശ്നം.

ഉണക്കാൻ അയയിലിട്ട വസ്ത്രങ്ങള്‍ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ കാണുക അയല്‍ വീടിന്റെ മുറ്റത്ത്. രാവിലെ ദോശയ്ക്കൊരു ചമ്മന്തി അരക്കാൻ നേരം കുഴവി നോക്കിയാലോ, വഴിവക്കിലോ അപ്പുറത്തെപറമ്പിലോ കാണാം. മുളളുവേലി പൊളിച്ചുമാറ്റുക. റബ്ബനുവച്ച ചിരട്ടകള്‍ മുറ്റത്ത് കൊണ്ടിടുക ഇവയൊക്കെയാണ് അടുത്ത കാലം വരെ നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘ദുഷ്ടൻ്റെ കലാപരിപാടികൾ.’

ആരാകും രാത്രി ഉറക്കം കളഞ്ഞ് ഇത്ര ബുദ്ധിമുട്ടി തുടര്‍ച്ചയായി ഇപ്പണി ചെയ്യുന്നത്?!- നാട്ടുകാർ പല വഴി ചിന്തിച്ചു. കേട്ടവർ ഒരത്ഭുതകഥ അറിഞ്ഞ പോലെ മൂക്കത്ത് വിരൽ വെച്ചു. പലരും പല കഥകൾ നിരത്തി. എന്തിനധികം, ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ വെള്ളിയാഴ്ച ദിനങ്ങളിൽ രാത്രികാല യാത്ര നടത്തുന്ന ജഗതിയുടെ കഥാപാത്രം ‘വെള്ളാട്ടു പോക്കര് ‘ വരെ ചർച്ചാവിഷയമായി.

ആളെ പിടിക്കാൻ ഉറക്കമൊഴിച്ച് നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. ഒന്ന്, രണ്ട്, മൂന്ന്…. ദിവസവും ഉറക്കവും പോയതല്ലാതെ വിരുതനെ കിട്ടിയില്ല. പിന്നീട് പൊലീസ് സഹായം തേടി. അവർ പെട്രോളിങ് നടത്തി നോക്കി. എന്നിട്ടും കൊല്ലോട്ട് നഗർകാരുടെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതിയുമായില്ലെന്നു മാത്രമല്ല, ഉപദ്രവം കൂടിയും വന്നു.

വാട്ടര്‍ ടാങ്കില്‍ മുളക് പൊടി വിതറി രണ്ട് വീട്ടുകാരുടെ കുടിവെളളമാണ് മുട്ടിച്ചത്. വേനല്‍ക്കാലത്ത് ശേഖരിച്ചു വെച്ച വെളളത്തിലാണ് മൂപ്പര് പരാക്രമം കാട്ടിയത്. അയൽവാസികളായ തുളസിയും, രാധയും ഇതു ചൂണ്ടികാണിച്ച് പൊലീസില്‍ പരാതി നല്‍കി. സി സി ടി വി പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് ഒരാൾ വാട്ടര്‍ ടാങ്കിന്റെ മേല്‍മൂടിയുമായി പോകുന്നത് ശ്രദ്ധയിൽ പെട്ടു. പക്ഷെ, ആൾ തല തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. തിരിച്ചറിയാനായില്ല.

നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന ആദൃശ്യൻ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ചിട്ടുണ്ടത്രെ. വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ടുളള ഇരുചക്ര വാഹനങ്ങള്‍ കേടുപാട് വരുത്തി രസിക്കലാണ് ഇപ്പോഴത്തെ ഹോബി.

ഭീതിപ്പെടുത്തുന്ന തരത്തിലുളള ചില ചുവരെഴുത്തുകളും പലയിടത്തും കാണുന്നുവെന്നതും ഇപ്പോൾ നാട്ടുകാരെ ഭയാശങ്കയിലാക്കുന്നുണ്ട്. വീടുകളുടെ ഭിത്തികളിലാണ് എഴുത്തുകുത്തുകൾ മുഴുവൻ. ലഘു ലേഖകള്‍ വിതറിയ സംഭവങ്ങളും പലരും പങ്കുവെക്കുന്നു.

ഒരോ ദിവസം ഒരോ വീട്ടിലാണ് അ‍ജ്ഞാതന്റെ സന്ദർശനം. ആരെന്നോ എന്താണ് ലക്ഷ്യമെന്നോ ഒരു വ്യക്തതയുമില്ല. ചുരുക്കത്തില്‍, നട്ടം തിരിഞ്ഞ് വട്ടം കറങ്ങുകയാണ് നാട്ടുകാര്‍.

മോഷണമല്ല ഉദ്ദേശമെന്ന് വ്യക്തം. ഭയപ്പെടുത്താനുമാകില്ല. നിരന്തര ഉപദ്രവങ്ങള്‍ക്ക് പിന്നിലെ നീക്കം എന്താകും. മാനസിക പ്രശ്നമുളള ആരെങ്കിലുമകുമോ ഇതിനു പിന്നില്‍. പൊലീസിസു ലഭിച്ച പരാതികളില്‍ ചിലരെ സംശയമുളളതായി പറയുന്നുണ്ട്. അത്തരക്കാർ നിരീക്ഷണത്തിലാണ്. രാത്രി തലമറച്ച് കടന്നുപോകുന്ന ഏതെങ്കിലും ഒരു മനുഷ്യരൂപം കണ്ടാലും ഇപ്പോൾ കൊല്ലോട്ട്കാർക്ക് സംശയമാണ്, അവർ പരസ്പരം വിളിച്ച് വിവരം പങ്കുവെയ്ക്കും; അതല്ലെന്ന് ഉറപ്പുവരുത്തും. ഒരു ഗ്രാമത്തിലെ കുറച്ചു പേരുടെയെങ്കിലും ഉറക്കം കെടുത്തുന്ന വിരുതനെ എത്രയും പെട്ടെന്ന് കയ്യോടെ പിടികൂടി ഒന്നു ശരിക്കുറങ്ങാൻ കഴിഞ്ഞാൽ മതിയായിരുന്നു എന്നാണ് ചിലർക്ക്. മറ്റു ചിലർക്ക് ആളെ കിട്ടിയാൽ എന്തിനായിരുന്നു ഈ വിക്രിയ അത്രയും എന്ന് ചോദിച്ചറിയണം. രണ്ടിനും ഒറ്റ വഴിയേയുള്ളൂ – തലയിൽ മുണ്ടിട്ടു നടക്കുന്ന ആൾ മുണ്ട് മാറ്റി രംഗപ്രവേശം ചെയ്യണം. അതിനായി ഒരു സഹായഹസ്തം അതാണ്
പത്തനംതിട്ട പളളിക്കല്‍ കൊല്ലോട്ട് നഗർ നിവാസികൾ നിത്യേനയെന്നോണം തേടി കൊണ്ടിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...