തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ മൊഴി നല്‍കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണ്ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നുമുള്ള ആരോപണം ചെന്നിത്തല എസ്.ഐ.ടിക്ക് നൽകിയ മൊഴിയിലും ആവർത്തിച്ചു എന്നാണറിയുന്നത്.
തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി നല്‍കാമെന്ന് ചെന്നിത്തല നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും അന്വേഷണസംഘത്തിന്റെ അസൗകര്യം മൂലം അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തുമാഫിയയാണെന്നാണ് ചെന്നിത്തല ആരോപിയ്ക്കുന്നത്.
പുരാവസ്തുവായ അമൂല്യവസ്തുക്കള്‍ മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ശബരിമല സ്വര്‍ണ്ണക്കവർച്ച സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതെന്നാണ് ചെന്നിത്തല പറയുന്നത്. ഇയാള്‍ പൊതുജന മധ്യത്തിലെത്തി സംസാരിക്കാന്‍ തയ്യാറല്ല. എന്നാല്‍, കോടതിയിലോ
അന്വേഷണ സംഘത്തിനൊ മുന്നില്‍ മൊഴി നല്‍കാനെത്തിയേക്കുമെന്നും ചെന്നിത്തല അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ട്. അതേപോലെ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു
