തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ശബരിമലയിലെ സ്വർണ്ണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്‌ഐടി നടപടി.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയ്ക്കായിരുന്നു പരിചയം. മകരവിളക്ക് സമയത്താണ് പോറ്റിയെ പരിചയപ്പെട്ടത്. ശേഷം പോറ്റി പലവട്ടം ചെന്നൈയിലെ വീട്ടിൽ വന്നിരുന്നു. എന്നാൽ, സ്വർണ്ണപ്പാളികൾ എന്തു ചെയ്തുവെന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് ജയറാം മൊഴി നൽകിയത്. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കിയതായാണ് വിവരം.
ദ്വാരപാലകപാളികൾ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് പൂജ നടത്തിയത്. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണ്ണപ്പാളികൾ വെച്ചു നടത്തിയ പൂജയിൽ പങ്കെടുത്തിട്ടുമുണ്ട്. പോറ്റി ക്ഷണിച്ചിട്ടാണ് പോയത്. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സ്മാർട്ട് ക്രിയേഷൻസുമായോ സ്‌പോൺസർമാരുമായോ പരിചയമില്ലെന്നുമാണ് ജയറാം മൊഴി നൽകിയിരിക്കുന്നതെന്നാണ് സൂചന.
സ്മാർട്ട് ക്രിയേഷൻസിൽ പൂജ നടന്ന അതേദിവസമാണ്
തന്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സ്മാർട്ട് ക്രിയേഷൻസിൽവെച്ച് നടന്ന ജയറാം പങ്കെടുത്ത പൂജയിലുണ്ടായിരുന്നത് സ്വർണ്ണ കട്ടിളപ്പാളികളായിരുന്നു. ഇത് 2019 ജൂൺ മാസത്തിലാണ നടന്നത്. ജയറാമിന്റെ വീട്ടിൽ നടന്നത് ദ്വാരപാലകപാളികൾ വെച്ചുള്ള പൂജയായിരുന്നു. ഇത് നടന്നതാകട്ടെ സെപ്റ്റംബർ മാസത്തിലുമായിരുന്നു. രണ്ട് മാസങ്ങളിൽ നടന്ന പൂജകൾ എന്തിന് ഒരേദിവസം നടന്നു എന്ന് ജയറാം പറഞ്ഞത് എന്നത് വാർത്തയായിരുന്നു. ഇതെല്ലാം സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടി ആരാഞ്ഞുവെന്നാണ് വിവരം.
