കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവത്തോടെയായിരിക്കും മുന്നോട്ടുകൊണ്ടുപോകുക.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റിനുള്ള സാദ്ധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോർട്ട് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇന്ന് വൈകിട്ടായിരിക്കും കേസിൽ ഇടക്കാല ഉത്തരവ് ദേവസ്വം ബെഞ്ച് പുറത്തിറക്കുക. ഈ ഘട്ടത്തിലാകും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരിക. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിയ്ക്ക് സമയം നൽകിയിട്ടുള്ളത്.
അതേസമയം മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ഇരുപത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണു വിട്ടയച്ചത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. ഇന്നലെയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.