പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5. 00 നാണ് തുറന്നത്. ക്ഷേത്രത്തിലെ നെയ്‌വിളക്കിൽ നിന്നുള്ള നാളവുമായി നിലവിലെ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി നേരെ ആഴിയിലേക്ക് അഗ്നി പകർന്നു. ആഴി ഇനി മണ്ഡല മകരവിളക്ക് ഉത്സവം അവസാനിക്കുന്നത് വരെ കെടാതെ നിൽക്കും.
നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവർ അരുൺകുമാർ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി. നാളെ (നവംബർ17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും.
പിന്നെ എന്നും രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.
ഡിസംബർ 26 ന് തങ്കഅങ്കി ചാർത്തി ദീപാരാധന. ഡിസംബർ 27ന് മണ്ഡലപൂജയ്‌ക്കു ശേഷം നടയടയ്‌ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 20നു മണ്ഡലക്കാലത്തിന് സമാപനമാകും. ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം സാദ്ധ്യമാകും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.
