കൊച്ചി : സാബു എം. ജേക്കബിന്‍റെ ട്വൻ്റി ട്വൻ്റി എൻഡിഎയിൽ ചേർന്നത് കിറ്റെക്സ് ഗ്രൂപ്പിനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഭയന്നാണെന്ന് റിപ്പോർട്ട്. കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഫെമ നിയമലംഘനത്തിന് നേരത്തെ ഇഡി കേസെടുത്തിരുന്നു. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം. ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാർട്ടേർഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തിൽ ഇഡി അന്വേഷണം മുറുകിയതോടെയാണ് സാബു, കേരളത്തിലെത്തിയ അമിത്ഷായെ കാണുന്നതും തുടർന്ന് എൻഡിഎയുടെ ഭാഗമാകുന്നതും.
ജനുവരി 22- നാണ് ട്വൻ്റി ട്വൻ്റി എൻഡിഎയ്ക്കൊപ്പം ചേരുന്നതായി ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു പ്രഖ്യാപിച്ചത്. തുടർന്ന് അടുത്തദിവസം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്. ഒറ്റയ്ക്ക് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതെന്നായിരുന്നു സാബു എം. ജേക്കബിന്‍റെ വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് രണ്ടിടത്ത് ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈയ്യിന്ന് പോയി.
