കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു.
പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്ക്കാരങ്ങൾ നേടി. വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
