തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെ നടക്കും. സെപ്തംബർ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സെപ്തംബർ 9ന് ഘോഷയാത്രയോടെ ഓണാഘോഷം സമാപിക്കും.
ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്‍റെ ഉത്സവപതാക ഉയർത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ൺ വൈകിട്ട് ഏഴിനും മന്ത്രി നിർവ്വഹിക്കും. ഫുഡ് ഫെസ്റ്റിവലിനും ഇന്ന് തുടക്കമാവും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരവും നടക്കും.
ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള വടംവലി മത്സരം വൈകിട്ട് അഞ്ചിന് സെൻട്രൽ സ്‌റ്റേഡിയത്തിലും നടത്തും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഈ മാസം 3 മുതൽ 9 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിരവധി കാലകാരൻമാർ പങ്കെടുക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമിഴ്നടൻ രവി മോഹൻ എന്നിവർ സെപ്തംബർ 3 – ലെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.