ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ പ്രതിരോധ സേനയുടെ നേതൃപദവിയിൽ പ്രവർത്തിച്ച കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിൽ പരസ്യമായി മാപ്പ് പറയാത്ത മദ്ധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കുൻവർ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഭീകരരുടെ സഹോദരിയെന്ന അധിക്ഷേപകരമായ പരാമർശത്തിൽ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ ഓൺലൈനിലൂടെ നടത്തിയ ക്ഷമാപണത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉയർത്തിയ കോടതി, ഈ മനുഷ്യൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും വിമർശിച്ചു.
“ഇത്തരമൊരു ക്ഷമാപണത്തിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഈ മനുഷ്യൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഓൺലൈനിലൂടെ നടത്തിയ ക്ഷമാപണത്തിൽ അയാളുടെ ഉദ്ദേശം വ്യക്തമാണ്. ആ ഉദ്ദേശശുദ്ധിയിൽ അതുകൊണ്ടുതന്നെ സംശയവുമുണ്ട്. അദ്ദേഹത്തിന്റെ സത്യസന്ധതയെ കുറിച്ച് നമ്മെ കൂടുതൽ സംശയാലുക്കളാക്കുന്നതാണ് ആ ഓൺലൈൻ ക്ഷമാപണം’’ – ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്എടി ) അടുത്ത മാസം 13നകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് ഇനി അടുത്ത മാസം 18ന് പരിഗണിക്കും. കഴിഞ്ഞ മേയിലാണ് കേണൽ സോഫിയ ഖുറേഷിയെ, കുൻവർ വിജയ് ഷാ അധിക്ഷേപിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.