ന്യൂഡല്‍ഹി: ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജനും ഥാപ്പറുമെതിരെയുളള
കേസിൽ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് ഇരുവര്‍ക്കും കേസിൽ താത്ക്കാലിക ആശ്വാസമാകും. സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ അസം പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. കേസ് സെപ്റ്റംബര്‍ 15 ന് വീണ്ടും പരിഗണിക്കും.
ഈ മാസം 22-ന് ഗുവാഹാട്ടി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് ആരോപണം. കേസിനെക്കുറിച്ച് മറ്റൊരു വിവരവും പോലീസ് പങ്കുവെച്ചിട്ടില്ല. ഓഗസ്റ്റ് 14-നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഥാപ്പറിന് കഴിഞ്ഞ തിങ്കളാഴ്ചയും. ഹാജരായില്ലെങ്കില്‍ അറസ്റ്റുചെയ്യുമെന്നും സമന്‍സിലുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലേഖനമെഴുതിയതുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥ് വരദരാജിന്റെ പേരില്‍ ആദ്യം കേസെടുത്തിരുന്നു. എന്നാല്‍, ഓഗസ്റ്റ് 12-ന് അറസ്റ്റിൽ നിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നല്‍കി. രാഷ്ട്രീയനേതൃത്വത്തിന്റെ പരിമിതികള്‍ കാരണം വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് ഡിഫന്‍സ് അറ്റാഷെ പറഞ്ഞുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് അസം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലായിരുന്നു ഇത്. ഇതിനുപിന്നാലെയാണ് കോടതി നിര്‍ദേശം മറികടന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.