മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പ്രമുഖ സ്പോൺസറായി അപ്പോളോ ടയേഴ്സിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള അപ്പോളോ ടയേഴ്സിന്റെ ആദ്യ ചുവടുവെപ്പാണിത്. ടീമിന്റെ നിലവിലെ സ്പോൺസർമാരായിരുന്ന ഡ്രീം 11-മായുള്ള കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
ഇനിമുതൽ ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ ജഴ്സി അപ്പോളോ ടയേഴ്സിന്റെ ലോഗോ അലങ്കരിക്കും.
രണ്ടര വർഷത്തേക്കുള്ള കരാർ 2028 മാർച്ചിൽ അവസാനിക്കും. ലേല നടപടികൾക്കൊടുവിലാണ് കരാർ ഉറപ്പിച്ചത്. 579 കോടി രൂപയുടേതാണ് കരാർ എന്നാണ് സൂചന. ഈ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 121 അന്താരാഷ്ട്ര മത്സരങ്ങളും 21 ഐസിസി ടൂർണമെന്റുകളും കളിക്കും. കരാർ അനുസരിച്ച്, ഓരോ മത്സരത്തിനും സ്പോൺസർ ഏകദേശം 4.5 കോടി രൂപ ചെലവഴിക്കും. നേരത്തെ സ്പോൺസറായിരുന്ന ഡ്രീം11 ഒരു മത്സരത്തിന് ഏകദേശം നാല് കോടി രൂപയാണ് നൽകിയിരുന്നത്
“ഇന്ത്യൻ ക്രിക്കറ്റിലെ അപ്പോളോയുടെ ആദ്യത്തെ വലിയ സ്പോൺസർഷിപ്പാണിത്. ഇത് ക്രിക്കറ്റിന്റെ വലിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. ഇതൊരു സാധാരണ വാണിജ്യ കരാർ മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം നേടിയ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള കൂട്ടുകെട്ടാണ്.”- പങ്കാളിത്തത്തെക്കുറിച്ച് ബിസിസിഐയുടെ ഓണററി സെക്രട്ടറി ദേവജിത് സൈക്കിയ.
“ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശവും അപ്പോളോ ടയേഴ്സിന്റെ പാരമ്പര്യവും ഒരുമിക്കുന്ന ചരിത്രനിമിഷമാണിത്. ബിസിസിഐയിലും ടീം ഇന്ത്യയിലും വിപണിക്കുള്ള ആത്മവിശ്വാസം ഈ ലേല നടപടികൾ കാണിക്കുന്നു. ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് സഹായകമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” – ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ പ്രതികരണം.
ക്രിക്കറ്റ് സ്പോൺസർഷിപ്പിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് അപ്പോളോ ടയേഴ്സിൻ്റെ വിശ്വാസം. “ഇന്ത്യയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റിന്റെ ജനപ്രീതി കാരണം ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസറാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാനം, ഉപഭോക്തൃ വിശ്വാസം, അപ്പോളോ ടയേഴ്സിന്റെ സ്ഥാനം എന്നിവയെ ശക്തിപ്പെടുത്തും. ഒപ്പം, ഇന്ത്യൻ കായികരംഗത്തെ പിന്തുണയ്ക്കാനും ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാനും ഇത് സഹായിക്കും.”- അപ്പോളോ ടയേഴ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൻവറിൻ്റെ വാക്കുകൾ