കൊച്ചി: രണ്ട് സർവ്വകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ കൂടിയായ ഗവർണർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. താത്ക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്.
താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സർവ്വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിര വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.