ന്യൂഡൽഹി : കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ഗുണകരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത 66 ല്‍ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിതിന്‍ ഗഡ്കരി കേരളത്തില്‍ എത്തും. ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതില്‍ കേരളം കൊടുക്കാനുള്ള 237 കോടി കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളുമെന്നും മന്ത്രി പറഞ്ഞു.
എന്‍എച്ച് 66 റിവ്യൂ കൃതമായി നടക്കുന്നുണ്ട്. 450 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തികരിച്ചു. എന്‍എച്ച് 66 ന്റെ 16 റീച്ചുകളുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടന്നു. പൂര്‍ത്തീകരിക്കപ്പെട്ട റീച്ചുകളുടെ ഉദ്ഘാടനത്തിന് ജനുവരിയില്‍ നിതിന്‍ ഗഡ്കരി കേരളത്തിലെ എത്തും. പരമാവധി റീച്ചുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. എന്‍എച്ച് 66 മായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡിപിആര്‍ തയ്യാറാക്കുമ്പോഴെ ശ്രദ്ധിക്കേണ്ട വിഷയമായിരുന്നു. അവിടെ ഒരു എലെവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ നിതിന്‍ ഗഡ്കരി നിര്‍ദ്ദേശം നല്‍കി – മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നിതിന്‍ ഗഡ്കരി അംഗീകരിച്ചുവെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. വിശദമായ കാര്യങ്ങള്‍ ഡല്‍ഹിയില്‍ 3 മണിക്ക് പത്രസമ്മേളനത്തില്‍ അറിയിക്കുന്നതാണ്.സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായി, എന്‍എച്ച് 66 ന്റെ നിര്‍മ്മാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിന്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നല്‍കാന്‍ നിതിന്‍ ഗഡ്കരി നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയുടെ വികസനത്തില്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയ്ക്കും നിശ്ചയദാര്‍ഢ്യത്തോട് കൂടി നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നു – മുഹമ്മദ് റിയാസ് കുറിച്ചു.
