ദുബൈ : ഏഷ്യാ കപ്പ് ടൂർണമെന്റിലെ മുഴുവൻ മാച്ച് ഫീയും സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടടെ കുടുംബങ്ങൾക്കുമായി നൽകുമെന്നറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
കലാശപോരാട്ടത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയതിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ ട്വൻ്റി20 ക്യാപ്റ്റൻ ഇക്കാര്യം അറിയിച്ചത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലും സൂര്യകുമാർ യാദവ് തൻ്റെ ആഗ്രഹം ആവർത്തിച്ചു പറഞ്ഞു.
“ഈ ടൂർണമെന്റിൽ നിന്നുള്ള എന്റെ മാച്ച് ഫീ നമ്മുടെ സായുധ സേനയെയും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസ്സിൽ എപ്പോഴും നിങ്ങൾ ഉണ്ടാകും’- സൂര്യകുമാർ യാദവ് എക്സിൽ കുറിച്ചു. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതിനുശേഷം ഒരു ചാമ്പ്യൻ ടീമിന് ഒരു ട്രോഫി നിഷേധിക്കപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണെന്ന് മത്സരത്തിനു ശേഷമുള്ള ട്രോഫി വിവാദത്തിൽ സൂര്യ പ്രതികരിച്ചു.
തിലക് വർമ്മയുടെ മികച്ച അർദ്ധസെഞ്ച്വറിയും സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനവുമാണ് ടീം ഇന്ത്യയെ ഒമ്പതാമത്തെ എഷ്യാ കപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചത്. ഞായറാഴ്ച ദുബൈയിൽ നടന്ന ആവേശകരമായ ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.