കൊച്ചി : എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ളയാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെ കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് സസ്‌പെന്‍ഷനിലായിരുന്നു. 2019 ജനുവരിയിലാണ് സംഭവം നടന്നത്.
എറണാകുളം ജില്ലാ കളക്ടറാണ് തുടര്‍ നടപടികൾ സ്വീകരിക്കുക. അന്വേഷണ റിപ്പോര്‍ട്ട്, അനുബന്ധ രേഖകള്‍, വിഷ്ണുപ്രസാദിന്റെ മൊഴി, കണ്ടെത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്ന 15 ഗുരുതര കുറ്റങ്ങളില്‍ 12 എണ്ണവും ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റില്‍ നടന്ന പ്രളയത്തിനിരയായവര്‍ക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാരത്തിൽ തിരിമറി നടത്തിയെന്നതാണ് കേസ്.
രേഖകളില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടുകളിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും അയയ്ക്കുകയായിരുന്നു. മുക്കാല്‍ കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ അക്കൗണ്ട് വഴി മാത്രമായി വിഷ്ണുപ്രസാദ് തട്ടിച്ചത്.