ഒരു ദേശത്തെ മുഴുവന്‍ കൗമാര പ്രതീക്ഷകളും ഒരിടത്ത്കൂടി മികവ് തെളിയിക്കുന്ന ലോകത്തെ ഏക കലാമേള,  അതിജീവനത്തിൻ്റെ നേർക്കാഴ്ച കൂടിയാവുന്നു – മുഖ്യമന്ത്രി

Date:

(ഫോട്ടോ : കലാപരിപാടി അവതരിപ്പിക്കാനെത്തിയ വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ)

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരശ്ശീലയുയർന്നു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കലാമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  നിർവ്വഹിച്ചു. ഒരു ദേശത്തെ മുഴുവന്‍ കൗമാര പ്രതീക്ഷകളും ഒരിടത്ത്കൂടി മികവ് തെളിയിക്കുന്ന മറ്റൊന്ന് ലോകത്തെ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്യം നിന്നുപോയുന്ന നിരവധി കലാരൂപങ്ങള്‍ ഇവിടെ പുനര്‍ജനിക്കുന്നുണ്ടെന്നും മുഖ്യന്ത്രി വ്യക്തമാക്കി.
കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്‍റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇത് അതിജീവനത്തിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം അതിജീവനങ്ങളുടെ നേര്‍കാഴ്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ കുട്ടികളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക ഉന്നമനത്തിനായി സമൂഹത്തെ ഒന്നടങ്കം നയിക്കേണ്ടവരാണ് ഓരോ മത്സരാർത്ഥികളെന്നും അദ്ദേഹം പറഞ്ഞു.

‘‘അന്യം നിന്നു പോകുന്ന ഒട്ടേറെ കലാരൂപങ്ങള്‍ കലോത്സവങ്ങളിലൂടെ നിലനില്‍ക്കുന്നു. കുട്ടികള്‍ മികവിലേക്ക് ഉയരുമ്പോള്‍ അവരെ പ്രാപ്തരാക്കിയ ഗുരുനാഥന്മാരും ആദരിക്കപ്പെടുകയാണ്. നല്ല കലാരൂപങ്ങളും അതിന്റെ സ്രഷ്ടാക്കളും പലവിധ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഫ്യൂഡല്‍ വ്യവസ്ഥയ്‌ക്കെതിരെ തോപ്പില്‍ഭാസി ഒരുക്കിയ ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണം നടന്നിരുന്നു. അതില്‍ മനസു മടുത്ത് കലാപ്രവര്‍ത്തനം നിര്‍ത്താതെ ആ കലാകാരന്മാര്‍ തുടരുക തന്നെ ചെയ്തു.
കലാപ്രതിഭകളാകുന്ന പലരും സ്‌കൂൾ കാലം കഴിഞ്ഞാല്‍ കലാപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു കലാകേരളം ഗൗരവത്തോടെ കാണണം. കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പര സ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടി ഉറപ്പിക്കാനാണ്’’– മുഖ്യമന്ത്രി പറഞ്ഞു.

എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവനന്തപുരത്ത് വീണ്ടും ഒരു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയുന്നത്. 2016ല്‍ തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വര്‍ഷം കൊല്ലത്തുനടന്ന സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാംപ്യന്‍മാര്‍. കോഴിക്കോട് രണ്ടാംസ്ഥാനത്തായിരുന്നു.

ഇത്തവണ പതിനയ്യായിരത്തോളം കുട്ടികള്‍ അഞ്ചുദിവസം മത്സരിക്കുന്ന കലാമേള 25 വേദികളിലാണ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്രനൃത്തരൂപങ്ങള്‍ മത്സരവേദിയിലെത്തുന്ന സംസ്ഥാനകലോത്സവമാണിത്. എം.ടി.വാസുദേവന്‍നായരോടുള്ള ആദരസൂചകമായി പ്രധാനവേദിക്ക് എംടി-നിള എന്നാണ് പേരിട്ടിരിക്കുന്നത്. 8ന് വൈകിട്ട് 5 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...