തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭവനസഹായത്തിനുള്ള നിവേദനം സ്വീകരിക്കാതെ അപമാനിച്ച കൊച്ചുവേലായുധന് വീട് നിർമ്മിച്ചുനൽകുമെന്ന് സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയോധികൻ നൽകിയ നിവേദനമടങ്ങിയ കവർ വായിക്കാൻ പോലും മിനക്കെടാതെ തിരിച്ചുനൽകിയ സുരേഷ് ഗോപിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഭവന നിർമ്മാണം സംസ്ഥാനത്തിന്റെ പരിഗണനയിൽ വരുന്ന വിഷയമാണെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ലെന്നും വ്യക്തമാക്കി സുരേഷ് ഗോപിയും ഫെയ്സ് കുറിപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
കെ വി അബ്ദുൾ ഖാദറിന്റെ ഫെയ്ബുക്ക് കുറിപ്പ് –

കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ ‘നിവേദനം സ്വീകരിക്കലല്ല എം പിയുടെ പണി’ എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഎം നിർമ്മിച്ചു നൽകും. പുള്ളിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പാർട്ടിക്കു വേണ്ടി ഈ ഉറപ്പു നൽകി.
കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനിൽ നിന്ന് നിവേദന മടങ്ങിയ കവർ വാങ്ങി വായിക്കാൻ പോലും മിനക്കെടാതെ വീട് നിർമ്മാണ പ്രശ്നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. വേലായുധന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കും.