തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്നും സംഘടന സംവിധാനം താഴെ തട്ടിൽ ചലിച്ചില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമർശനം. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിൽ ചേരുന്ന യോഗത്തിൽ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും വിലയിരുത്തൽ. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന യോഗം ഇന്ന് സമാപിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും. രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇത്തവണ ഇളവു നൽകിയേക്കാൻ സാദ്ധ്യതയുണ്ട്. സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തിൽ തീരുമാനമായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കണമെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.
