ആ മാന്ത്രിക വിരലുകളുടെ താളം നിലച്ചു ; ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ്മ

Date:

ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ ഓർമ്മയായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹുസൈൻ്റെ നില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ  ഞായറാഴ്ച പുറത്തുവന്നിരുന്നു. പക്ഷേ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ച കുടുംബം വാർത്ത തള്ളി രംഗത്തെത്തിയിരുന്നു.

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ പ്രമുഖനായ ഉസ്താദ് സാക്കിർ ഹുസൈൻ്റെ ജനനം 1951 മാര്‍ച്ച്‌ 9ന് മുംബൈയിലെ പ്രാന്തപ്രദേശമായ മാഹിമിലായിരുന്നു. പ്രശസ്‌ത തബലവാദകന്‍ ഉസ്‌താദ്‌ അല്ലാ രഖാ ഖുറേഷിയുടെയും ബാവി ബീഗത്തിന്റെയും പുത്രനെ സംഗീത ലോകത്തിലേക്ക്  കൈപിടിച്ച് നടത്തിയത് പിതാവ് തന്നെയായിരുന്നു.

മൂന്നാം വയസ്സ് മുതലേ മേശകളിലും പാത്രങ്ങളിലും താളമിട്ട് രസം പിടിച്ച് വളർന്ന സാക്കിർ ഹുസൈനെ ഏഴാം വയസ്സ് മുതല്‍ പിതാവ് തബല ചിട്ടയായി പഠിപ്പിച്ചു. സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛനു പകരക്കാരനായി തുടങ്ങി. പിന്നീട്‌ പന്ത്രണ്ടാം വയസ്സില്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു. പന്ത്രണ്ടാം വയസ്സില്‍ തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം 2 ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.

മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ യുഎസിൽ സിത്താര്‍
മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു. വാഷിങ്‌ടൻ സര്‍വ്വകലാശാലയില് എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി. പ്രഫസറാകുമ്പോൾ പ്രായം 19 മാത്രം. പിന്നെയങ്ങോട്ട് സംഗീതലോകത്തെ ജൈത്രയാത്ര. വർഷത്തിൽ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സാക്കിർ ഹുസൈൻ കച്ചേരികള്‍ നടത്തി. അദ്ദേഹം എത്രത്തോളം ആരാധകരുടെ മനസ്സില്‍ ഇടം തേടിയിരുന്നു എന്നതിനു തെളിവാണിത്. ലോകോത്തര സംഗീതജ്ഞരുമായി ചേർന്നു നിരവധി സംഗീത സാക്ഷാത്കാരങ്ങൾ ഒരുക്കി. വയലിനിസ്റ്റ്‌ എല്‍.ശങ്കര്‍, ഗിറ്റാറിസ്റ്റ്‌ ജോണ്‍ മക്‌ലോലിൻ, മൃംദംഗ വാദകന്‍ റാംനന്ദ്‌ രാഘവ്‌, ഘടം വാദകന്‍ വിക്കു വിനായകറാം എന്നിവരുമായി ചേര്‍ന്ന്‌ ഹിന്ദുസ്ഥാനി–കര്‍ണാടക സംഗീതത്തെ പശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ചു ജനശ്രദ്ധപിടിച്ചു പറ്റിയ ‘ശക്തി’ എന്ന ഫ്യൂഷൻ സംഗീത ബാന്‍ഡിന് 1974ൽ രൂപം നൽകി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്‌ധരെ സമന്വയിപ്പിച്ചു പ്ലാനറ്റ്‌ ഡ്രം എന്ന പേരിൽ യുഎസ് താളവാദ്യ വിദഗ്‌ധന്‍ മിക്കി ഹാര്‍ട്‌ തയാറാക്കിയ ആല്‍ബത്തില്‍ ഇന്ത്യയില്‍നിന്നും ഘടം വിദഗ്‌ധന്‍ വിക്കു വിനായകറാമിനൊപ്പം സാക്കിർ ഹുസൈനുമുണ്ടായിരുന്നു. 1991ൽ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആൽബത്തിലൂടെ ആദ്യമായി സാക്കിർ ഹുസൈന്റെ കൈകളിലെത്തി. മിക്കി ഹാര്‍ട്‌, സാക്കിർ ഹുസൈൻ, നൈജീരിയന്‍ താളവാദ്യ വിദഗ്‌ധന്‍ സിക്കിരു അഡെപൊജു, ലാറ്റിന്‍ താള വിദഗ്‌ധന്‍ ഗിയോവനി ഹിഡാല്‍ഗോ എന്നിവരുമായി ചേർന്ന് ഗ്ലോബല്‍ ഡ്രം പ്രോജക്‌റ്റിന്‌ കണ്ടംപെററി വേള്‍ഡ്‌ മ്യൂസിക്‌ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം 2009 ൽ ഒരിക്കൽകൂടി തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നേടിയ സാക്കിർ ഹുസൈനെ പത്മശ്രീ (1988), പത്മഭൂഷണ്‍ (2002) എന്നിവ നൽകി രാജ്യം ആദരിച്ചു.

ഇന്ത്യയ്ക്കു പുറത്തും നിരവധി അംഗീകാരങ്ങൾ ഈ തബല മാന്ത്രികനെ
തേടിയെത്തി. യുഎസ് പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ 2016ല്‍ വൈറ്റ്‌ഹൗസില്‍ സംഘടിപ്പിച്ച ഓള്‍ സ്‌റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സാക്കിർ ഹുസൈനെ ക്ഷണിച്ചു. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള സംഗീതജ്ഞന് ഈ അംഗീകാരം കിട്ടിയത്. 1999ൽ അന്നത്തെ യുഎസ്‌ പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ യുഎസ്‌ സെനറ്റില് വച്ച്‌ സമ്മാനിച്ച നാഷനല്‍ ഹെറിറ്റേജ്‌ ഫെല്ലാഷിപ് പുരസ്‌കാരം, സെന്റ്‌ ഫ്രാന്‍സിസ്‌കോ ജാസ്‌ സെന്റര്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌്‌ പുരസ്‌കാരം (2017), പ്രിന്‍സ്റ്റൻ സര്‍വകലാശാലയുടെ ഓള്‍ഡ്‌ ഡോമിനോ ഫെലോ അംഗീകാരം (2005), ബെര്‍ക്‌ ലീ കോളജ്‌ ഓഫ്‌ മ്യൂസിക്, ഇന്ദിര കലാ സംഗീത സര്‍വ്വകലാശാല, കൈരാഖര്‍ എന്നിവിടങ്ങളിൽ നിന്നുള്ള ഓണററി ഡോക്ടറേറ്റ്‌ എന്നിവ ലോകം ഈ കലാകാരനെ എത്രയേറെ ആദരിക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങളാണ്

അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക്‌ സംഗീതം ചിട്ടപ്പെടുത്തി. നല്ലൊരു അഭിനേതാവു കൂടിയായ സാക്കിർ ഹുസൈന്‍ ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടിഷ്  സിനിമകളിലും പ്രധാനവേഷങ്ങളും കൈകാര്യം ചെയ്‌തു. ‘വാ താജ്’ എന്ന തൊണ്ണൂറുകളിലെ താ‍ജ്മഹൽ തേയിലയുടെ പ്രശസ്തമായ പരസ്യവാചകം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യമാണ്. ആ പരസ്യത്തിൻ്റെ സംഗീതവും അതിലെ അഭിനേതാവും സാക്കിർ ഹുസൈനാണ്.

കേരളത്തോടും ഇവിടുത്തെ താളവാദ്യങ്ങളോടും എന്നും ആത്മബന്ധം പുലർത്തിയിരുന്ന സക്കീർ ഹുസൈൻ പല തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. 2017 ൽ  പെരുവനം കുട്ടന്‍ മാരാർ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവർക്ക് ഒപ്പം വേദി പങ്കിട്ടു. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ടെന്നുള്ളതും കേരളത്തിൻ്റെ മനസ്സിലെ എന്നെന്നും മായാത്ത ഓർമ്മയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...